2010, ജൂൺ 13, ഞായറാഴ്‌ച

കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്-3


ആ കുട്ടിയ്ക്ക് കത്തയ്ച്ചിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു. മറുപ്പടി ഒന്നും കിട്ടിയില്ല.ഇനിയിപ്പോ ഞാനയ്ച്ച കത്ത് ആ കുട്ടിയ്ക്ക് കിട്ടിയില്ലേ? അല്ല്യേല് നോട്ടീസ് ബോർഡിൽ കിടന്ന കത്ത് മറ്റേതേലും വിരുതന്മാര് പൊട്ടിച്ചു വായിച്ചിട്ടുണ്ടാകുമോ?


ഓർത്തപ്പോ ആകെ പ്പാടെ ഒരു കിരുകിരുപ്പ്.


ഇനിയിപ്പോ ഞാൻ എഴുതിയകത്തിൽ ആ കുട്ടിയ്ക്ക് രസിക്കാത്ത വല്ലതും ഉണ്ടായോ?


ഒരുപ്പാട് ആലോചിച്ച് കഴിഞ്ഞപ്പോൾ ഒരിക്കൽ കൂടി എഴുതണം എന്ന് തോന്നി.


പ്രിയ കൂട്ടുകാരിയ്ക്ക്.


നിറങ്ങളുടെ അഴകാർന്ന ശലഭങ്ങൾ വാനിലമ്പിളിപ്പോലെ പാറിനടക്കുന്ന ഈ താഴ്വാരത്തിൽ പുതിയ പൂവുകൾ വിടർന്നത് കാണാനെത്തിയ ചിത്രശലഭത്തെപോലെ നീയെന്റെ ലോകത്തേയ്ക്ക് തൂവലുകൾ വിരിച്ച് പറന്നിറങ്ങിയപ്പോൾ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കണ്ണുചിമ്മിയ കുട്ടിയെപ്പോലെ ഞാനും ഒന്നുമറിയാതെ തരിച്ചിരുന്നു.


ഏന്റെ ഏകാന്തകൾ സുന്ദരമായ ചിന്തകൾ കൊണ്ട് . ഒരു പക്ഷെ എന്റെ അപക്വമായ മനസ്സിന്റെ പ്രയാണത്തിൽ എനിക്ക് തോന്നിയ വിഡ്ഡിത്ത്വങ്ങളുടെ ഒരു പകർത്തിയെഴുതലാകാം അവിടെ നടത്തിയത്.


പ്രഭാതത്തിൽ തുറന്നിട്ട ജാലകത്തിൽ ദ്രവിച്ച ജാലകവരിപ്പിലൂടെ മുറ്റത്ത് കാലം തെറ്റിയെത്തിയ മഴയുടെ മണം ആസ്വദിച്ച് ഒരു നല്ല കാഴ്ച്ചകാരനായി നിന്നപ്പോൾ എന്റെ കാലാലയ ജീവിതത്തിന്റെ തുടക്കത്തിൽ മനോഹരമായി പുഞ്ചരിക്കാറുള്ള തട്ടമിട്ട ആ പെൺകുട്ടിയോട് തോന്നിയ മനസ്സിന്റെ വികാരവായ്പുകളെ പ്രണയമെന്ന് വിശേഷിപ്പിക്കാമെങ്കിൽ ഒരു പക്ഷെ ഇത് ഒരു തിരുത്തിയെഴുത്തലിന്റെ വിറയാർന്ന നിമിഷങ്ങളുടെ സാഫല്യമാകാം. മറ്റൊരു പക്ഷെ കൂട്ടുകാർ എന്നിൽ നിക്ഷേപിച്ച പ്രണയമെന്ന വലിയ ചിന്താഭാരത്തിന്റെ തിരുശേഷിപ്പുകൾ കാലം തെറ്റി പെയ്ത മഴയ്ക്ക് ഒപ്പം തളിത്ത മുത്തങ്ങ പുല്ലുകൾ പോലെ തളർത്തതാകാം.


ജീവിതത്തിന്റെ ഒറ്റപ്പെടലുകളിൽ പ്രതീക്ഷകളുടെ മധുരമുള്ള ശബ്ദങ്ങൾ അക്ഷരങ്ങളായി കടന്നെത്തുമ്പോൾ ഞാനും താനുമൊക്കെ ആഗ്രഹിച്ചിരുന്നിരിക്കാം ഒരു പക്ഷെ അതെന്നും എന്റെതായിരുന്നെങ്കിലെന്ന്.നഷ്ടപ്രണയം പിന്നിട് ഒരിക്കലും ഓർക്കാൻ ഇഷ്ടപെടാത്ത ഒരു വേദനയാണ്.കാലം തെറ്റിപെയ്യാറുള്ള മഴപ്പോലെ ഞാനും ചിലപ്പോൾ ആ വികാരത്തിന് അടിമപ്പെട്ടുപോകുന്നു. പിന്നെ ഞാനയ്ച്ച കത്ത് നിനക്ക് കിട്ടിയോ? നീയെന്തെ മറുപ്പടി അയ്ക്കാത്തെ?.ഇവിടെ ഏല്ലാദിവസവും എനിക്ക് മൂന്നും നാലും കത്തുകളുണ്ടാകും. പക്ഷെ അതിലൊന്നും നിന്റെ കത്തില്ല. ഞാൻ പ്രതീക്ഷിക്കുന്നത് നിന്റെ കത്താണ്.ഒരു പക്ഷെ ഈ കത്ത് കിട്ടിയാൽ നീയെന്നെ ചിലപ്പോ എന്നന്നേയ്ക്കുമായി വെറുത്തേക്കാം. ഒരു പക്ഷെ ..?


എനിക്കറിയില്ല ഒന്നും.


മറുപ്പടി പ്രതീക്ഷിച്ചോട്ടേ


സസ്നേഹം അനൂ‍പ്


2010, ജൂൺ 11, വെള്ളിയാഴ്‌ച

കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്-2

( സാധാരണ എഴുത്തുകൾ വന്നാൽ വീട്ടിൽ ഏല്ലാവരും വായിക്കും.പ്രത്യേകിച്ച് ഒരു പെൺകുട്ടിയുടെ കത്താകുമ്പോൾ മകൻ വഴിതെറ്റിപോകുമോ എന്ന് വീട്ടുകാരും സംശയിച്ചിട്ടുണ്ടാകണം.



ആയിടയ്ക്ക് കോതനല്ലൂരിൽ വളരെ അധികം എഴുത്തുകൾ കിട്ടുന്ന ഒരാളായിരുന്നു ഞാൻ ഒരു ദിവസം ചുരുങ്ങിയത് മൂന്നാല് എഴുത്തെങ്കിലും ഉണ്ടാകും. പല മാസികകളിലും വായനകാരുടെ പേജുകളിലും മറ്റും എന്നെ കാണാമായിരുന്നു.എന്റെ വിലാസം കണ്ടിട്ടാകാം പലരും എനിക്ക് കത്തുകളയ്ച്ചിരുന്നു.)



ഷീബയുടെ കത്ത് കിട്ടിയപ്പോൾ എന്റെ ഏകാന്തകൾക്കിടയിൽ അവൾ ഒരു തണലായി വരുമെന്നുള്ള പ്രതീക്ഷയോടെയാണ്.



ആദ്യമായി അതിനു മറുപ്പടി എഴുതിയത്.



ആ കത്ത് കിട്ടിയപ്പോൾ ഞാൻ ആദ്യം കാട്ടിയത് എന്റെ പ്രിയ സുഹൃത്ത് ജിജോയെയാണ്.



“എടാ നീ എഴുത് ചിലപ്പോൾ ഈ പെങ്ങളെ നിനക്ക് ഒരു നല്ല ലൈനായി കിട്ടും.ചുമ്മാ കേറി അങ്ങ് പ്രേമിക്കടാ.കിട്ടിയാല് ഊട്ടി അല്ലേല്?.



എഴുത്ത് എഴുതാൻ ഇരിക്കുമ്പോൾ അവന്റെ വാക്കുകളായിരുന്നു മനസ്സിൽ.



“ചുമ്മാ കേറിയങ്ങ് പ്രേമിക്കടാ”.

പ്രിയ കൂട്ടുകാരിക്ക് ,
എന്റെ എകാന്തകളിൽ ഞാനും ആഗ്രഹിക്കാറുണ്ട് ദൂരെ ദൂരെ ഒരിക്കലും കാണാത്ത അകലത്ത് എപ്പോഴൊക്കെയോ വാക്കുകളിലൂടെ മാത്രം അടുത്തറിയുന്ന ഒരു നല്ല കൂട്ടുകാരിയുടെ സാന്നിദ്ധ്യം. നമ്മുടെ മനസ്സിന്റെ വേദനകളും ദു:ഖങ്ങളും പങ്കുവയ്ക്കാൻ നമ്മുടെ മനസ്സറിയുന്ന ഒരു നല്ല ഫ്രണ്ടിനെ നമ്മുക്ക് വേണം. കുട്ടിയ്ക്ക് വിശ്വസിക്കാം. ഞാൻ കുട്ടിയുടെ ഏക്കാലത്തെയും ഒരു നല്ല ഫ്രണ്ടായിരിക്കും. തനിക്ക് എന്നോട് എന്തും തുറന്ന് പറയാം.ദൂരെ ദൂരെ തന്റെ വേദനകൾ കേൾക്കാനും തന്റെ സന്തോഷത്തിലും മറ്റ് സുഖ ദു:ഖങ്ങളിലും പങ്കാളിയാകാനും അകലെ നിന്ന് വാക്കുകളായി വിരുന്നെത്തുന്ന എന്റെ സാന്നിദ്ധ്യം ഉണ്ടാകും.
ഇവിടെ ഏറ്റുമാനൂരപ്പൻ കോളേജിൽ സെക്കന്റ് ഇയർ ബീകോം വിദ്യാർത്ഥിയാണ് ഞാൻ. തനിക്ക് ഉള്ളതുപ്പോലെ ഇവിടെ എനിക്കും നിറയെ കൂട്ടുകാരുണ്ട്. ഇവിടെ കൂട്ടുകാർക്കിടയിൽ നിറയെ കഥകളും കുറെയേറെ അബദ്ധങ്ങളുമായി കറങ്ങി നടക്കുന്ന അവരുടെ പ്രിയപ്പെട്ട അണ്ണൻ (അതായിരുന്നു ക്ലാസ്സിലെ എന്റെ വിളിപ്പേര്) അവരുടെ ഇടയിൽ ജീവിക്കുന്ന ഒരു കഥാപാത്രമാണ്.
പിന്നെ തന്റെ കത്ത് എനിക്ക് കിട്ടിയപ്പോൾ അത് ഞാൻ എന്റെ കൂട്ടുകാരോടും പറഞ്ഞിരുന്നു.അവരാണ് എന്നെ നിർബന്ധിച്ച് തനിക്ക് എഴുതാൻ പറഞ്ഞത്. ഇവിടെ രൂപേഷും സുധിയും ജോസും ബിറ്റോയും അമ്പിളിയും വിന്ദുവും രാജിയുമൊക്കെ ഉണ്ട്. അവരൊക്കെ തന്നെ അന്വേഷിച്ചതായി പറഞ്ഞു. പിന്നെ തന്റെ കൂട്ടുകാരെകുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ? ആ ക്യാമ്പസ്, അവിടുത്തെ കൂട്ടുകാർ ഒക്കെ ഉണ്ടാകണം ഇനി എനിക്ക് എഴുതുന്ന തന്റെ കത്തുകളിൽ. നമ്മുക്ക് പിന്നെ എപ്പോഴൊങ്കിലും ഓർക്കാൻ കുറച്ചു നല്ല ഓർമ്മകൾ.അതിനിടയിൽ ഒരിക്കലും കാണാത്ത അകലത്തിൽ ഇരുന്ന് നമ്മുക്ക് നല്ല കുറെ ഓർമ്മകൾ ബാക്കിവയ്ക്കാം.
താൻ ഈ എഴുത്ത് കിട്ടിയാൽ മറുപ്പടി അയ്ക്കുമെന്നുള്ള പ്രതീക്ഷയോടെ നിറുത്തട്ടേ
സസ്നേഹം അനൂപ് എസ്.നായർ കോതനല്ലൂർ

2010, ജൂൺ 9, ബുധനാഴ്‌ച

കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്


എസ്.കെ.വി.കോളേജ്


23-2-1999


ഡിയർ ഫ്രണ്ട്.


ഔപചാരികതയുടെ മൂടുപടമില്ലാതെ ഞാൻ എന്നെ പരിചയപ്പെടുത്താം.ഏകാന്തയുടെ തൂരുത്തിൽ നിഴലുമായി മത്സരിച്ചിരിക്കാൻ വിധിക്കപ്പെട്ട ചിറകൊടിഞ്ഞ പക്ഷിയാണ് ഞാൻ. എന്റെ പേര് ഷീബ ഞാൻ ഫസ്റ്റ് ബി.എ. വിദ്യാർത്ഥിനിയാണ്.


പ്രകൃതി ഞങ്ങളുടെ കലാലയവധുവിനെ അണിയിച്ചൊരുക്കാൻ സർവ്വ സൌന്ദര്യവും കനിഞ്ഞൂ നല്കിയിരിക്കുന്നു.ഇവിടെ എനിക്ക് ഒരുപ്പാട് സുഹൃത്തുകളുണ്ട്.കാണൂമ്പോൾ മനോഹരമായി പുഞ്ചിരിക്കുകയും പൊള്ളയായ ഹസ്തദാനം നടത്തുന്നവരുമാണവർ.മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ നാടകീയമായ ഈ ശ്രമം നടത്തുന്നവരെ കാണുമ്പോൾ, അങ്ങകലെ ആകാശത്തിലെ ചില്ലയിൽ ഒരിക്കലും കണ്ടുമുട്ടുവാനിടയില്ലാത്ത ഒരു സുഹൃത്തിനെ വേണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.എന്റെ ഫ്രണ്ടിന്റെ കൈയ്യിൽ നിന്നാണ് എനിക്ക് താങ്കളൂടെ അഡ്രസ്സ് കിട്ടിയത്.എന്തോ ഒരു പ്രത്യേകത ആ പേരിനു തോന്നി. എനിക്ക് വിശ്വസിക്കാവുന്ന ഒരു സുഹൃത്തിനെ കിട്ടിയതുപ്പോലെ.


ജന്മജന്മാന്തരങ്ങൾക്ക് മുമ്പ് പരിചയപ്പെട്ട ഒരേട്ടനെപോലെ.


അങ്ങനെയാണ് ഞാൻ ഈ ലെറ്റർ എഴുതാൻ തീരുമാനിച്ചത്.എനിക്ക് എന്റെ അമ്മ മാത്രമേയുള്ളൂ.അച്ഛൻ ചെറുപ്പത്തിലെ മരിച്ചു പോയി.ഞാൻ തനിച്ചായതുകൊണ്ടാകാം ഇങ്ങനെ ഒക്കെ ആയി പോയത്.


വീട്ടിൽ വന്നാൽ ചാനലുകളും ലൈബ്രററി പുസ്തകങ്ങളുമായുള്ള മത്സരം.ക്യാമ്പസിൽ വന്നാൽ ആൾകൂട്ടത്തിൽ തനിയെ എന്ന അവസ്ഥ. അങ്ങിനെയുള്ള ഞാൻ ഇങ്ങനെയായതിൽ അത്ഭുതപെടുവാനെന്താണ്?.കോട്ടയംകാരനായ നിങ്ങൾക്ക് തൃശൂരുകാരുടെ ഭാഷ വായിക്കുമ്പോൾ ചിരി വരുന്നുണ്ടാകും അല്ലെ?.


ഇനിയും എഴുതി ബുദ്ധിമുട്ടിക്കുന്നില്ലാട്ടോ.മാത്രമല്ല കേരളത്തിന്റെ നേട്ടമായ പവർക്കട്ട് എത്താനുള്ള സമയമായി(എസ്.എസ്.എൽ.സി പരിക്ഷ ഇവിടെ ബാധകമല്ല)


ഈ അനുജത്തിയുടെ അല്ല ഞാനാകുന്ന എനിക്ക് അങ്ങയുടെ സുഹൃത്താകാൻ യോഗ്യതയുണ്ടെങ്കിൽ ഞങ്ങളുടെ ക്യാമ്പസിലേയ്ക്ക് ഒരു ലെറ്റർ പ്രതീക്ഷിക്കുന്നു.


മൈ അഡ്രസ്സ്.


ഷീബ.റ്റി.കെ


.............. ബി.എ.......................


ശ്രി കേരളവർമ്മ കോളേജ്


തൃശൂർ.


മാർച്ച് ഫസ്റ്റ് വീക്കിൽ മാത്രമെ ഞങ്ങൾക്ക് ക്ലാസ്സ് ഉണ്ടാകുകയുള്ളു.അതിനാൽ


മറുപ്പടി ഉടൻ പ്രതീക്ഷികുന്നു.


വിത് ലൌ


ഷീബ


താങ്കളുടെ പ്രായം പോലും എനിക്കറിയില്ല.വിവാഹിതനാണെങ്കിൽ ഭാര്യയോട് എന്റെ അന്വേഷണം പറയണം (ഓപ്പണിൽ പേജിൽ അരുകിലായി എഴുതിയിരിക്കുന്നു.)


ബാക്കി എന്തായി എന്നറിയേണ്ടേ.


ഞാൻ കേരളവർമ്മയിലെ ഒരു വിദ്യാർത്ഥിയായി മാറുകയായിരുന്നു.ചിരിച്ചും കരയിപ്പിച്ചും.ഒരുപ്പാട് ഓർമ്മകൾ തന്ന് എങ്ങോ മാഞ്ഞൂപ്പോയ ആ കേരളവർമ്മയിലെ പെൺകുട്ടിയുമായി വീണ്ടും വരാം.