2010, ഒക്‌ടോബർ 9, ശനിയാഴ്‌ച

മഴ പെയ്തകാലം

ഇന്ന് രാവിലെ മുതൽ നല്ല മഴയായിരുന്നു. ശനിയാഴ്ച്ച ആയതുകൊണ്ട് ഏറ്റുമാനൂരമ്പലത്തിൽ നല്ല തിരക്കുണ്ടായിരുന്നു.ഞാൻ അമ്പലത്തിൽ എത്തിയത് ഏകദേശം പത്തരയോടേയാണ്. ഭഗവാന്റെ വലിയവിളക്കിൽ ഒഴിക്കാൻ പത്തൂരൂപയ്ക്ക് എണ്ണയും വാങ്ങി കുടയും ചൂടി അമ്പലത്തിലേയ്ക്ക് കടക്കുമ്പോൾ എണ്ണയൊഴിക്കുന്നിടത്തും അല്പം തിരക്കുണ്ടായിരുന്നു.വലിയവിളക്കിൽ എണ്ണയൊഴിച്ച് അകത്തേയ്ക്ക് നടന്നു.അഞ്ചുരൂപയ്ക്ക് കൂവളമാലയും അനൂപ് തിരുവോണം നക്ഷത്രം ഒരു അർച്ചനയ്ക്കും കൊടുത്ത് ഭഗവാന്റെ നടയ്ക്കൽ നിന്നു തൊഴുതു.അപ്പോഴൊക്കെ മഴ തകർത്തൂപെയ്യുകയാണ്.നാട്ടിൽ പുതിയ ജോലിയിൽ കയറിയതിലുള്ള സന്തോഷം ഏറ്റുമാനൂരപ്പന്റെ മുന്നിൽ മറച്ചു വച്ചില്ല.സങ്കടം തോന്നുമ്പോഴും സന്തോഷം വരുമ്പോഴും ഓടിയെത്താറുള്ളത് ഭഗവാന്റെ മുന്നിലാണ്.ഇവിടെ നില്ക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു ധൈര്യം തോന്നും.



ഭഗവാനെ എന്റെ ഏറ്റുമാനൂരപ്പാ കാത്തോണേ?.

നടയിൽ നിന്നും തൊഴുത് നമശിവായ ചൊല്ലി പ്രദിക്ഷണം വച്ച് തിരുമേനിയുടെ കൈയ്യിൽ നിന്നും അർച്ചന പ്രസാദവും വാങ്ങി. പുറത്തെയ്ക്ക് കടന്നു.മഴ പെയ്യുന്ന തിരുമുറ്റത്തൂടെ സർപ്പകാവിലേയ്ക്ക് നടന്നു.സർപ്പഭഗവാനെ തൊഴുത് പ്രദിക്ഷണം വച്ച് കൃഷണൻ കോവിലേയ്ക്ക് നടയ്ക്കാൻ തുടങ്ങുമ്പോൾ എങ്ങോ മുഴുങ്ങി കേട്ട ആ പഴയ വിളിയൊച്ച.



“അനൂപ് അറിയ്വവോ?


തിരിഞ്ഞു നോക്കുമ്പോൾ നാലുകൊല്ലം മുമ്പുള്ള വേദനിപ്പിക്കുന്ന ആ ഓർമ്മകൾ ഒരു വിറയലായി മനസ്സിലൂടെ കടന്നുപോയി.

അതവളാണ് എന്റെ പഴയ ദേവി.ഞാൻ ഒരിയ്ക്കൽ എന്റെ ജീവനേക്കാളേറെ സ്നേഹിച്ച എന്റെ ആ ദേവി.ഈശ്വരാ അവൾ എന്റെ മുന്നിലേയ്ക്ക് വരുകയാണ്.എനിയ്ക്ക് കാലുകൾ കുഴയുന്നതുപ്പോലെ വാക്കുകൾ ഇടറുന്നതുപ്പോലെ (അവളെ നഷ്ടപ്പെട്ട ആ ദിവസമാണ് ഞാൻ ജീവിതത്തിൽ ആദ്യമായി മദ്യപിച്ചത്. അവൾ ഒരുമ്മിച്ച് അമ്പലത്തിൽ പോയത് അന്ന് അവൾ തലയിൽ ചൂടിയ ആ പൂവ് എനിയ്ക്ക് സമ്മാനിച്ചത് ഞാൻ ഗൾഫിലേയ്ക്ക് പോന്നപ്പോൾ എന്റെ സാധനങ്ങളുടെ കൂട്ടത്തിൽ ആ പൂവ് ഡെപ്പിയിലാക്കി ഞാൻ കൊണ്ടുവന്നത് ഒക്കെ)


“നീയെവിടെയാ ഇപ്പോ വന്നിട്ട് ഗൾഫിലൊന്നും പോയില്ലേ?.“

“തിരിച്ചുപോയില്ല അവസരങ്ങൾ ഉണ്ടായിരുന്നു പക്ഷേ പോയില്ല.ഒരു കല്ല്യാണം കഴിഞ്ഞിട്ട് പോയാൽ മതീന്ന് വീട്ടുക്കാർ പറഞ്ഞൂ.


“നിന്റെ അനിയത്തിന്മാരുടെ കല്ല്യാണം കഴിഞ്ഞോ?


“ങും ഒരാളുടെ.”

“പിന്നെ എന്തുണ്ട് വിശേഷം.”


“സുഖം നിനക്കോ?’


“സുഖമാടാ“.



“എന്താ നിന്റെ മുഖത്ത് പറ്റീത്.അവളുടെ മുഖത്ത് വലതുഭാഗത്തായി നിറഞ്ഞുകിടക്കുന്ന വലിയ മുറിവുണങ്ങിയപാടിലേയ്ക്ക് നോക്കി ഞാൻ ചോദിച്ചു.



“അത് പാലയിൽ വച്ച് ഒരാസിഡന്റുണ്ടായതാ ഞാനും കൊച്ചും ചേട്ടന്റെ ബൈക്കിന്റെ പിന്നിൽ നിന്നും തെറിച്ചു വീണു.മരിച്ചുപോകേണ്ടതാ ഭാഗ്യത്തിന്.”



നീ ആ പഴയ ദേവിയല്ല ഇപ്പോ ഒരു മുപ്പത്തെട്ട് വയസ്സു കഴിഞ്ഞ ഒരു സ്ത്രിയെപോലെ.വല്ലാതെ മാറി പോയിരിക്കുന്നു.ആ പഴയ സൌന്ദര്യമൊക്കെ എവിടെയോ നഷ്ടപെട്ടതുപോലെ.”



“നീയെന്താ കല്ല്യാണം കഴിക്കാത്തത് ഇപ്പോ വയസ്സ് പത്തുമുപ്പത്തിരണ്ടായില്ലേ?



“ ങാ ആയിരത്തിതൊള്ളായിരത്തീ എഴുപ്പത്തെട്ട് മെയ് ഇരുപ്പത്തേഴ് അതാ എന്റെ ബർത്ത് ഡേറ്റ്. പിന്നെ നാട്ടിൽ വന്നപ്പോൾ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി മാതൃഭൂമിയിൽ വിവാഹ പരസ്യം കൊടുത്തിരുന്നു.അങ്ങനെ പതിനാല് പെണ്ണ് പോയി കണ്ടു.



“പതിനാലോ എന്നിട്ടേന്തെ?“



“ഒന്നും നടന്നില്ല. ഒരോരോ പ്രശ്നങ്ങള്.മുമ്പ് ഞാൻ പറഞ്ഞിട്ടില്ലെ ഇതുപ്പോലെ ഈറന്മുടിയിൽ തുളസി കതിർ ചുടി ഭഗവാന്റെ പ്രസാദം തൊട്ട് അമ്പലത്തിൽ നിന്നും ഇറങ്ങി വരുന്ന നിറയെ മുടിയുള്ള അധികം വണ്ണമില്ലാത്ത മുഖത്ത് എപ്പോഴും ഒരു സന്തോഷം കൊണ്ട് നടക്കുന്ന നിന്നെപ്പോലുള്ള ഒരു പെൺകുട്ടിയെകുറിച്ച്. അതിൽ അങ്ങനെ ആരേം കണ്ടില്ല.”



(മഴ കൂടുതൽ ശക്തിപ്രാപിക്കുകയാണ്.)



“വാടാ അങ്ങോട് മാറി നില്ക്കാ. സർപ്പകാവിനു മുന്നിലെ ഷെഡ്ഡിലേയ്ക്ക് നടക്കുമ്പോൾ ഞാൻ അവളോട് ചോദിച്ചു.



“നിനക്ക് എത്രയാ കുട്ടികള്.“



“ഒന്നെയുള്ളുടാ ഒരാൺകുട്ടി അവന് മൂന്നരവയസ്സായി”



“ഹസ്ബെൻഡ് ഇപ്പോഴും ഏറണാകുളത്തുതന്നെയാണോ ജോലി.”



“ങാ അതെ.”



“നീയെന്താ അന്നു കല്ല്യാണം ക്ഷണിയ്ക്കാൻ എന്റെ വീട്ടിൽ വരാത്തത്.നീ വരുമെന്ന് കരുതി ഞാൻ നിനക്കുതരാൻ ഒന്നരപവന്റെ ഒരു വള എടുത്തു വച്ചിരുന്നു.വീട്ടിലേയ്ക്ക് പൈസ അയ്ച്ചു കൊടുത്തിട്ട് അമ്മയോട് പറഞ്ഞ് വാങ്ങിതാ.എന്റെ ആദ്യശമ്പളത്തിന് ഞാൻ വാങ്ങിത് നിനക്ക് വേണ്ടിട്ടാ.നീ വരുമെന്നുള്ള പ്രതീക്ഷയിൽ അതിന്റെ പേരിൽ ഞാൻ വീട്ടിന്ന് ഒരുപ്പാട് വഴക്കുകേട്ടു.പക്ഷെ ഞാൻ ഒരുപ്പാട് സ്നേഹിച്ചതല്ലേ നിന്നെ അത് ഞാനെന്റെ അമ്മയെ പറഞ്ഞ് മനസ്സിലാക്കി എനിയ്ക്ക് വേണ്ടിട്ട് അത്രേലും ചെയ്തു തരണമെന്ന് പറഞ്ഞു. ഒരു പക്ഷെ അതായിരുന്നിരിയ്ക്കാം നഷ്ടപെട്ട എന്റെ പ്രണയത്തിന്റെ അവസാന സമ്മാനം.



“എനിയ്ക്ക് വരാൻ പറ്റില്ല. പിന്നെ ഞാനെന്തു പറഞ്ഞാണ് നിന്റെ വീട്ടിൽ വരുക. എനിയ്ക്കാണെല് പിന്നെ നിന്റെ വീട്ടിലേയ്ക്കുള്ള വഴിയും അറിയില്ലായിരുന്നു. നീ ക്ഷമിക്കടാ.



“അതാ നീ ഫോണിലൂടെ വിളിച്ചിട്ടും ആരും കല്ല്യാണത്തിന് വരാത്തത്. ഞാൻ പറഞ്ഞു പോകണ്ടാന്ന്.



പിന്നെ നീയന്ന് തന്ന ആ തുളസി കതിരില്ലെ അത് കുറച്ചുകാലം എന്റെ കൈയ്യിൽ ഉണ്ടായിരുന്നു.



“അനൂപെ ഭഗവാന്റെ നടയ്ക്കൽ നിന്ന് പറയുകയാ ഒക്കെ തിരുമാനിക്കുന്നത് ഭഗവാനല്ലെ.ഒരു പക്ഷെ അതായിരിക്കും വിധി.



“എന്റെ വിധി അല്ലേ ദേവി.‘



“അനൂപെ നീ കഴിഞ്ഞു പോയതിനെ ഓർത്ത് നിന്റെ ജീവിതം നശിപ്പിക്കരുത് .നിനയ്ക്ക് പ്രായമായികൊണ്ടിരിക്കുവാ. കുട്ടികളികളൊക്കെ മതിയാക്കി ഒരു നല്ല ജീവിതം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്ക്. നിന്നെ സ്നേഹിക്കാൻ കഴിയുന്ന ഒരു നല്ല പെൺകുട്ടി വരും. നീയിങ്ങനെ നശിക്കരുത്.



“ഞാൻ കല്ല്യാണം കഴിയ്ക്കും ദേവി.നീ പേടിയ്ക്കണ്ട.മതവും ജാതിയും നോക്കിയാവില്ല ചിലപ്പോ.ഒരു പക്ഷെ ചിലപ്പോ പ്രായം ഇനിയും കടന്നുപ്പോയാൽ ...........?



എന്തായാലും ഞാൻ കല്ല്യാണം കഴിയ്ക്കും ആ കുട്ടിയിലൂടെ വേണം നിന്നെ നഷ്ട്പ്പെട്ട ദേവിയെ എനിയ്ക്ക് തിരിച്ചെടുക്കാൻ. ഒരുപ്പാട് സ്നേഹിക്കാൻ പിണങ്ങാൻ, വഴക്കു കൂടാൻ ഒരുപ്പാട് മിണ്ടാതിരുന്നിട്ട് മിണ്ടാൻ എനിക്ക് വേണടാ ഒരു നല്ല കൂട്ടുകാരിയെ ഒരു നല്ല ഭാര്യയെ”



അവൾ ചിരിച്ചു.



ഞാൻ പോട്ടെടാ”



“ങും നിന്നേ?”



“എന്താടാ?”



“പിന്നെ എന്റെ അനിയത്തിടെ കല്ല്യാണത്തിന് നിങ്ങൾ രണ്ടാളും വരണം.”



“വരാ.”



ഞങ്ങൾ പിരിയുകയാണ്.മഴ തകർത്തു പെയ്യുന്ന അമ്പലമുറ്റത്തൂടെ പുറത്തെയ്ക്ക് അവിടെ എന്നെ കാത്തു നിന്ന കൂട്ടുക്കാർക്കൊപ്പം പാലകൂന്നേൽ ബാറിലേയ്ക്ക്.ഇന്ന് രണ്ടെണ്ണം വീശണം.



ഒരു ഹണിബീടെ കഴുത്തുപൊട്ടിച്ച് രണ്ട് പെഗ്ഗടിച്ചു.



അപ്പോഴും പുറത്തു മഴ തകർത്തുപെയ്യുന്നുണ്ടായിരുന്നു.


2010, ഓഗസ്റ്റ് 5, വ്യാഴാഴ്‌ച

കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്-8

അങ്ങനെ ചരിത്രമുറങ്ങുന്ന കേരളവർമ്മയിലെത്തി.പക്ഷെ പ്രയോജനം ഉണ്ടായില്ല.നല്ല ഒന്നാന്തരം ഒരു പഠിപ്പ് മുടക്കായിരുന്നു അന്ന്.ആ ക്യാപസിലൂടെ കൂട്ടുകാരനൊത്ത് കുറച്ചുനേരം ചുറ്റി.അവളെ കാണാൻ കഴിയാത്ത നിരാശയിൽ വീണ്ടും ടൌണിലേയ്ക്ക് നടക്കുമ്പോൾ കൂട്ടുകാരൻ പറഞ്ഞു.
എന്തായാലും വന്ന കാര്യം നടന്നില്ല.നമ്മുക്ക് രണ്ട് കുപ്പി കള്ളുകുടിച്ചാലോ?”
“എടാ ഇവിടെ എവിടെ നല്ല കള്ളൂകിട്ടാൻ.”
“അന്തിക്കാട് പോകാം.ഏതായാലും ഇവിടെം വരെ വന്നതല്ലെ?”
എന്തായാലും കൂട്ടുകാരനെ നിരാശനാക്കിയില്ല.ടൌണിൽ നിന്നും അന്തിക്കാട്ടേയ്ക്ക് തിരിച്ചു.
രണ്ടരകുപ്പി കള്ളും കപ്പയും കോഴിക്കറിയും കൂന്തലും വാങ്ങി കഴിച്ചു.
പെണ്ണിനെ കാണാൻ കഴിഞ്ഞില്ലെലും അന്തിക്കാട് വന്ന് കള്ളുകുടിച്ചപ്പോൾ ആകെപ്പാടെ ഒരു റോമാന്റിക്ക് മൂഡ്.
നേരെ കൊടുങ്ങല്ലൂർ വഴി ഏറണാകുളത്തോട്ട്.
വീട്ടിലോട്ടുള്ള യാത്രയിൽ അവളെകുറിച്ച് ഏറെ ചിന്തിച്ചു.
ചില സിനിമഗാനങ്ങൾ മനസ്സിലൂടെ കടന്നു പോയി.

ഒന്ന് രണ്ടുമാസങ്ങൾ കടന്നുപ്പോയി എന്റെ ക്ലാസ്സ് തീരാൻ പോകുകയാണ് .ഡിഗ്രി പഠനം അവസാനിക്കുകയാണ്.ക്ലാസിൽ ഓട്ടൊ ഗ്രാഫ് എഴുതുന്നതിന്റെ ബഹളം.ഞാനും ഏതാണ്ടൊക്കെയോ പകർത്തി.
തിരിച്ചു കിട്ടാത്ത ആ നിമിഷങ്ങളുടെ ഓർമ്മയ്ക്കായി.
എന്റെ കോളെജ് ദിനങ്ങളുടെ അവസാനഘട്ടത്തിൽ ഒരു സാന്ത്വനം പോലെ അവളുടെ കത്ത് വീണ്ടും വന്നു.
അനുന്റെ ക്ലാ‍സ്സ് തീരുകയാണല്ലെ?
കൂട്ടുകാരെയൊക്കെ വിട്ടുപിരിയുന്നതിൽ വലിയ വിഷമമുണ്ടാകും.ഇനി എന്താ പരിപ്പാടി. അടുത്ത വർഷം ഇതെ പ്രശ്നം ഞാനും അഭിമുഖികരിക്കേണ്ടതാണല്ലോ?.ഒരത്ഥത്തിൽ നമ്മുടെ ക്ലാസ്സൊന്നും അവസാനിച്ചില്ലായിരുന്നെങ്കിൽ എന്നും ഈ കൂട്ടുകാരൊക്കെ നമ്മൊടൊപ്പം. വിഷുന് എന്താ പരിപ്പാടി.പണ്ടൊക്കെ എനിക്ക് ഒരുപ്പാട് കൈനീട്ടം കിട്ടുമായിരുന്നു.വല്ല്യ കുട്ടിയായപ്പോൾ അതിന്റെയൊക്കെ ഹരം പോയി. പിന്നെ പ്രിയയും ലിജയും രാധികയുമൊക്കെ അനൂ‍നെ അന്വേഷിച്ചതായി പറയാൻ പറഞ്ഞു..പിന്നെ ഏല്ലാവരെയും എന്റെയും അന്വേഷങ്ങൾ അറിയിക്കണം. പിന്നെ ഇവിടെ നല്ല ചൂടാണ്. ഉത്സവകാലം തുടങ്ങാറായില്ലെ നാട്ടിലൊക്കെ.ഇവിടെ ഞങ്ങളുടെ നാട്ടിൽ ഒരുപ്പാട് ചെറിയ പൂരങ്ങളുണ്ട്. അനു ഉത്സവത്തിനൊക്കെ പോകാറുണ്ടോ. കൂടതൽ എഴുതി അനൂനെ ബോറടിപ്പിക്കുന്നില്ല.കത്ത് കിട്ടിയാൽ മറുപ്പടി വിടണം.ഇനി പരിക്ഷ കഴിഞ്ഞെ ഞാൻ എഴുതു.
ആ കത്ത് മനസ്സിന് വലിയൊരു ആശ്വാസമായി.


പിന്നെ കുറെ നാളത്തെയ്ക്ക് ഞങ്ങൾ പരസ്പരം എഴുതിയില്ല.


അടുത്ത ഓണത്തിനാണ് വീണ്ടും അടുത്ത കത്ത് വന്നത്.

2010, ഓഗസ്റ്റ് 4, ബുധനാഴ്‌ച

കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്-7







അവളെനിയ്ക്ക് അയ്ച്ച കത്തുകൾക്ക് ഞാനും മറുപ്പടി അയ്ച്ചു.പരസ്പരം കത്തുകളിലൂടെ സൌഹൃദങ്ങൾ തുടരുമ്പോഴും അവളെ ഒന്നു നേരിൽ കാണണമെന്നുള്ള ആഗ്രഹം വലിയ അളവിൽ മനസ്സിൽ ഉണ്ടായിരുന്നു.കേരളവർമ്മയിൽ അവളെ പോയി കാണുകയെന്നു വച്ചാൽ അത്രയും പിള്ളേരുള്ള ക്യാമ്പസല്ലെ അതോർത്തപ്പോൾ ഒരുൾ ഭയം. എങ്കിലും ഞാനും ഒരു സ്റ്റുഡന്റല്ലെ അങ്ങനെ പേടിച്ചാലെങ്ങനെയാ പോരാത്തതിന് പ്രിയ കൂട്ടുകാരുടെ വക ചില ഉപദേശവും ഇങ്ങനെ പെൻ ഫ്രണ്ടായിട്ട് ഇരുന്നിട്ട് കാര്യമില്ല.നീ നേരിൽ കണ്ട് ആ കുട്ടിയോട് കാര്യം തുറന്നു പറയുക.


നേരിൽ കാണുക ഉള്ളിലുള്ളത് എന്തായാലും തുറന്ന് പറയുക.ഒരു പക്ഷെ ഈ സഹോദരൻ എന്നൊക്കെ പറഞ്ഞ് ഒഴിവാക്കുക പെൺപിള്ളേരുടെ സ്ഥിരം പരിപ്പാടിയാ.കൂട്ടുകാരുടെ ഉപദേശം കേട്ടപ്പോൾ പിന്നെ ത്രിശൂർക്ക് പോകാമെന്നു വച്ചു. കുറച്ചു പൈസവേണമല്ലോ?.കൂട്ടുകാരോട് കടം വാങ്ങാമെന്നു വച്ചപ്പോൾ അവന്മാർ കൈമലർത്തി.പിന്നെ ആകെയുള്ള വഴി വീട്ടിലുള്ള റബ്ബർ മരത്തിന്റെ ചിരട്ടപാൽ പറയ്ക്കുകയായിരുന്നു.രണ്ടുമൂന്നു ദിവസം കൊണ്ട് അതുണക്കി.പുസ്തകം വാങ്ങാനെന്ന് കള്ളം പറഞ്ഞെ?വീട്ടുകാർ അതു വിശ്വസിച്ചു.അങ്ങനെ ആ സാഹസത്തിന് പുറപ്പെടും മുമ്പ് ഒരു ധൈര്യത്തിന് ഒരു കൂട്ടുകാരനെയും കൂട്ടി.


അങ്ങനെ രാവിലെ ആറരയ്ക്ക് ഒരു മാനന്തവാടി സൂപ്പർ ഫാസ്റ്റിന് തൃശൂർക്ക് വച്ചു പിടിച്ചു.

കൂത്താട്ടുകുളം,മൂവ്വാറ്റുപുഴ,പെരുമ്പാവൂർ,അങ്കമാലി ചാലക്കുടി ഒരോ ടൌണുകളും കടന്ന് വണ്ടി പോയി കൊണ്ടിരുന്നപ്പോൾ മനസ്സിൽ ആ പെൺകുട്ടി ഏങ്ങനെയായിരിക്കും എന്ന ചിന്തയായിരുന്നു.കാജോളിനെ പോലെ സുന്ദരമായ കണ്ണൂകൾ,മഞ്ജുവിനെ പോലെ നാടൻ ലുക്കുള്ള (മലയാളം ആകുമ്പോൾ ചിലപ്പോൾ) കേരളത്തിൽ ഏറ്റവുമധികം സുന്ദരികളും സുന്ദരിന്മാരും ഉള്ള നാടാണ് തൃശൂരെന്ന് മുമ്പ് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്തായാലും അവളെ കാണുക.

അങ്ങനെ തൃശൂർ നഗരം എത്തുകയാണ്. പൂരത്തിന്റെ നഗരം പഴമയുടെ നഗരം സംസ്ക്കാരികതയുടെ നഗരം. അതെ തൃശൂർ.

കെ.എസ്.ആർ.റ്റി.സി സ്റ്റാൻഡിൽ ബസ്സിറങ്ങി.ഓട്ടോ പിടിയ്ക്കുമ്പോൾ മനസ്സിൽ കുറെ ചോദ്യങ്ങളുണ്ടായിരുന്നു അവളെ കാണാൻ പറ്റുമോ? ഏങ്ങനെയാണ് മലയാളം ക്ലാസ്സ് റൂം കണ്ട് പിടിക്കുക. ഓട്ടോ മുന്നോട്ട് പോകുന്തോറും ചങ്കിന്റെ ഇടിപ്പ് കൂടുകയാണ്


ചിത്രങ്ങൾ കടപ്പാട്-കേരളപാൾസ്.കൊം

2010, ഓഗസ്റ്റ് 3, ചൊവ്വാഴ്ച

കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്-6








ഡിസംബറിന്റെ തണുപ്പിൽ മനസ്സിന്റെ ആർദ്രകണങ്ങൾ അക്ഷരങ്ങളായി പെയ്തിറങ്ങി.വിണ്ടും അവളെനിക്കെഴുതി.



പ്രിയ അനു,



ഞങ്ങൾ 18തീയതി രാവിലെ ചരിത്രം ഉറങ്ങുന്ന കേരളവർമ്മയിൽ നിന്നും പഴശ്ശിയുടെ ഓർമ്മകൾ പേറുന്ന വയനാട്ടിലേയ്ക്ക് 24കുട്ടികളുമായി യാത്ര പുറപ്പെട്ടു. ഫ്രണ്ടിൽ നിന്നും മൂന്നാമത്തെ സീറ്റിലായിരുന്നു ഞാനിരുന്നത്. ഞാനും ലിജയും പ്രിയയും ഒരു സീറ്റിലായിരുന്നത്.നിറയെ തമാശകളും പാട്ടും ഡാൻസും ഒക്കെ നിറഞ്ഞതായിരുന്നു ഞങ്ങളുടെ യാത്ര. കോഴിക്കോട് നിന്നായിരുന്നു പ്രഭാത ഭക്ഷണം.രാവിലെ ഇഡ്ഡലിയും ചായയും കഴിച്ച് വയനാടൻ ചുരം കയറാൻ തുടങ്ങിയപ്പോൾ പ്രിയ രാവിലെ കഴിച്ചതു മുഴുവൻ ശർദ്ധിച്ചു. വയനാട്ടിലെ ചരിത്രമുറങ്ങുന്ന പല സ്ഥലങ്ങളും ഞങ്ങൾ സഞ്ചരിക്കുകയുണ്ടായി.പൂക്കോട്ട് തടാകത്തിൽ ബോട്ട് സവാരിയ്ക്കൊരുങ്ങുമ്പോൾ നിന്റെ നാട്ടുകാരായ ചില കോട്ടയം കാരെ ഞാൻ പരിചയപ്പെട്ടു.അവരോട് അനൂപിന്റെ നാട് അറിയുമോ ഞാൻ ചോദിച്ചു.


പിന്നെ എന്റെയാത്രാവിവരണം വായിച്ച് നിനക്ക് ബോറടിക്കുന്നുണ്ടാകും.

എടാ ഞാനെന്റെ അമ്മയോട് നിന്റെ സൌഹൃത്തെ കുറിച്ച് പറഞ്ഞു. അമ്മ നിന്റെ ലെറ്ററൊക്കെ വായിച്ചു.ആ കുട്ടിയോട് ചുമ്മാ ഇതൊക്കെ എഴുതി സമയം കളയാതെ പഠിക്കാൻ പറയണമെന്ന് അമ്മ പറഞ്ഞു.


പിന്നെ നിന്റെ അനിയത്തിയെന്തെടുക്കുന്നു.അച്ഛനുമമ്മയും എന്തും പറയുന്നു. എന്റെ അന്വേഷങ്ങൾ ഏല്ലാ‍വരോടും പറയണം. പിന്നെ ക്രിസ്തുമസ്സിനെന്താ പ്രോഗ്രാം?.

ഞങ്ങൾ ചിലപ്പോൾ അച്ഛന്റെ വീട്ടിൽ പോകും.അവിടെ അച്ഛന്റെ അനിയന്മാരും അവരുടെ മക്കളും ഒക്കെയുണ്ടാകും.വലിയ ഫാമിലിയാണവർ.കേക്കുമുറിം ആഘോഷമൊക്കെയായിട്ട് വലിയ ബഹളമാകും.


ക്രിസ്തുമസ്സിന് കുറെ പുതിയ സിനിമകൾ ഉണ്ടാകുമല്ലോ നീ പോകുമായിരിക്കും അല്ലെ?


പിന്നെ നിനക്ക് അവിടെയെന്തൊക്കെയുണ്ട് വിശേഷങ്ങൾ?.


എടാ ഞാൻ പതിവായി കാണുന്ന സീരിയൽ തുടങ്ങാറായി നിറുത്തട്ടേ.

ശേഷം അടുത്ത കത്തിൽ.

അതിനുശേഷം അവളെനിക്ക് ക്രിസ്തുമസ്സിനും ന്യൂ ഇയറിനും പ്രത്യേകം ആശംസകാർഡുകൾ അയ്ച്ചിരുന്നു.

മനോഹരമായ രണ്ട് ആശംസാകാർഡുകൾ. നല്ല സാഹിത്യചുവയുള്ള വാക്കുകളിൽ അവൾ അതിൽ ഹൃദയത്തിലെ സ്നേഹം അക്ഷരങ്ങളായി പകർത്തി.

2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച

കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്-5

ഓണത്തിന് മനോഹരമായ ഒരു ആശംസകാർഡിൽ ഞാനവൾക്ക് എഴുതി.
ഈ തണുത്ത മഴയുള്ള പ്രഭാതത്തിൽ ഞാൻ നിനക്കായി എഴുതുമ്പോൾ എന്റെ അനിയത്തിക്കുട്ടി
മുറ്റത്ത് അമ്മയ്ക്കൊപ്പം ഇരുന്ന് പൂക്കളം ഒരുക്കുകയാണ് .ഇന്ന് വിശാഖമാണ്.മുറ്റത്ത് ചാണകം മെഴുകിയത്തറയിൽ നനയാതെയിരിക്കാൻ കുട വച്ചിട്ടുണ്ട്.
പിന്നെ ഓണത്തിന് ഏക്സാമുണ്ടോ?
ഞങ്ങൾക്ക് ഓണം കഴിഞ്ഞെ പരിക്ഷ കാണൂ.
അമ്മയെന്തെടുക്കുന്നു. കൂട്ടുകാരൊക്കെ എന്തു പറയുന്നു.
ലിജ ധന്യ, പ്രിയ രാധിക ഷജിന.അവരൊക്കെ എന്തെടുക്കുന്നു.
ഓണത്തിന് എന്താ പരിപ്പാടി.
ഈ ഓണത്തിന് കുറെ നല്ല സിനിമകൾ റീലിസാകുന്നുണ്ട്. കാണാൻ പോണം.പിന്നെ അങ്ങോട് മഴയുണ്ടോ.ഇവിടെ നല്ല മഴയാ.
എന്റെ ഫ്രണ്ട്സോക്കെ കുട്ടിയെ തിരക്കിയതായി പറയാൻ പറഞ്ഞൂ.
പിന്നെ കേരളവർമ്മയിലെ ജീവിതം അടിപൊളിയല്ലെ പഠിക്കുകയാണെങ്കിൽ അതുപോലൊരു ക്യാപസിൽ പഠിക്കണം.
പിന്നെ വേറെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ.കുറെ എന്തൊക്കെയോ എഴുതണം എന്ന് വിചാരിച്ചു പക്ഷെ എന്തോ ഒന്നും വരണില്ല മനസ്സിലോട്ട്. ലെറ്റർ കിട്ടിയാൽ ഉടനെ മറുപ്പടി എഴുതണം.
നിറുത്തുന്നു.
സസ്നേഹം
അനൂപ് കോതനല്ലൂർ
വലിയ ആഘോഷങ്ങളൊന്നുമില്ലാതെ ഓണം കടന്നുപ്പോയി.മറുപ്പടി അയ്ക്കുമെന്ന് കരുതി കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. പിന്നെ ഞാനും എഴുതിയില്ല.അങ്ങനെ രണ്ടു മൂന്നുമാസങ്ങൾ കടന്നുപ്പോയി.
ഡിസംബർ മാസം.
പ്രതീക്ഷിക്കാതെ അവളൂടേ ഒരു ലെറ്റർ.
അനൂപിന് എന്നോട് പിണക്കമായിരിക്കും.അനൂന്റെ അത്മാർഥമായ സേനഹം ഞാൻ മനസ്സിലാക്കാതെ പോയത് എന്റെ തെറ്റാ. പഠനത്തിന്റെ തിരക്കാണെന്ന് പറഞ്ഞ് എനിക്ക് ഒഴിഞ്ഞൂ മാറാം.പക്ഷെ സത്യം അതൊന്നുമായിരുന്നില്ല. മടിയായിരുന്നു.പിന്നെ പലയിടത്തും നിന്നുമുള്ള സമ്മർദ്ധം.ഒരിക്കലും കാണാതെ ഒരു ഫ്രണ്ടിനെ ഞാൻ ആഗ്രഹിച്ചത് ജീവിതത്തിന്റെ ചില നിമിഷങ്ങളിൽ എനിക്ക് ആശ്വാസമാകുമെന്ന് കരുതിയാണ്.ഇവിടെ എല്ലാവരും സ്വാർത്ഥരാണ്.ജീവിതത്തിന്റെ ഈ പരക്കം പാച്ചിലിനിടയിൽ ഞാൻ ഒരു സുഹൃത്തിന്റെ സേനഹം ഞാൻ ആഗ്രഹിച്ചത് തെറ്റാണോ?.എന്റെ അമ്മയ്ക്ക് ഞാൻ ഒറ്റമോളായിരുന്നു.ചെറുപ്പത്തിലെ അചഛൻ മരിച്ചു.പിന്നെ അമ്മേടേ വീട്ടിലായിരുന്നു. ഇതെന്റെയെല്ലാം ഇടയിൽ എനിക്ക് നഷ്ടപെട്ട ബാല്യം. സഹോദരങ്ങൾ ഒക്കെ എനിക്ക് വേദനയായിരുന്നു.അതിന്റെ ഇടയിൽ അനൂപിനെപ്പൊലൊരു ഫ്രണ്ടിനെ ഒരേട്ടന്റെ സ്നേഹം ഞാൻ അഗ്രഹിച്ചത് തെറ്റാണോ?.അനൂപിനെ ഞാൻ വേദനിപ്പിച്ചതിന് പിന്നെ അനൂപ് എഴുതിയപ്പോഴൊക്കെ എഴുതാൻ വൈകിയതിന് ഒക്കെ മാപ്പ്.
സസ്നേഹം
അനിയത്തിക്കുട്ടി.
പിന്നെ ഞങ്ങളുടെ മലയാളം ബാച്ച് ഈ മാസം ഇരുപതാ തീയതി വയനാടിനു ടൂറിനു പോകുന്നു.അതിന്റെ വിശേഷം പോയി വന്ന ശേഷം അടുത്ത കത്തിൽ.

2010, ജൂലൈ 9, വെള്ളിയാഴ്‌ച

കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്-4

എഴുത്ത് പോസ്റ്റ് ചെയ്തതിനുശേഷം ഒരു വലിയ കാത്തിരിപ്പായിരുന്നു.രണ്ടാഴ്ച്ച കഴിഞ്ഞിട്ടും മറുപ്പടി കണ്ടില്ല.അതിനിടയിൽ പരീക്ഷ വന്ന് കടന്നുപോയി. ക്ലാസ്സ് തുടങ്ങി .മൂന്നാം വർഷ ക്ലാസ്സിലേയ്ക്ക്. ക്ലാസ്സിൽ അവസാന വർഷമായതു കൊണ്ട് സൌഹൃദങ്ങൾക്കും കൂടുതൽ ദൃഡത കൈവന്നിരുന്നു. അവളുടെ മറുപ്പടി കിട്ടാൻ വൈകിയപ്പോൾ പിന്നെ അവളെന്നെ മറന്നിട്ടുണ്ടാകുമെന്ന് കരുതി.



ഒരു ഓണകാലം.വീട്ടിൽ ചെറിയ പൂന്തോട്ടമുണ്ട്.അവിടെ വിരിയുന്ന പൂക്കൾ കൊണ്ട് ഏല്ലാ വർഷവും പൂക്കളമൊരുക്കും.എല്ലാകൊല്ലത്തെയും പോലെ ആ കൊല്ലവും ക്ലാസ്സുകാരുടെ വകയായി പൂവീടൽ മത്സരം ഉണ്ടായിരുന്നു കോളേജിൽ.വീട്ടിൽ നിന്നും കുറെ പൂക്കൾ ഞാനും അമ്മ കാണാതെ കവറിൽ ആക്കി കൊണ്ട് പോയി.



അന്ന് വൈകിട്ട് വീട്ടിൽ വന്നപ്പോൾ കുറെ ചീത്തകിട്ടി.ഓണത്തിന് പൂ പറയ്ക്കാൻ വല്ല വീട്ടിലും പോകാൻ വയ്യെന്ന് അമ്മ. ഞാൻ എവിടെന്നെലും കട്ട് പറച്ചു കൊണ്ട് വരാം.



കുറച്ചു നേരത്തെയ്ക്ക് അമ്മയുമായി വഴക്കിട്ടിട്ട് മുറിയിൽ വന്ന് ഏതൊ ടിവി ചാനൽ കണ്ട് കിടക്കുമ്പോൾ അമ്മ ചായയുമായി വന്നു.



“നിനക്ക് ചായയൊന്നും വേണ്ടെന്ന് തോന്നുന്നു.”



“പിന്നെ നിനക്ക് ആ പെൺ കൊച്ച് ഒരു കാർഡ് അയ്ച്ചിട്ടുണ്ട്.’

“ആര്?.

“തൃശൂരുള്ള ആ പെണ്ണ്.”

ങേ?. എന്നിട്ട് എവിടെ?.”

ഞാൻ ആകാക്ഷയോടെ അമ്മയെ നോക്കി.

“ദാ”

ഓണത്തിന് പൂക്കളമൊരുക്കുന്ന സുന്ദരകളായ പെൺകുട്ടികളുടെ പടവുമായിട്ട് ഒരു ആശംസകാർഡ്.

അതിൽ വളരെ കുറച്ചു വാക്കുകളിൽ ഒരു എഴുത്തും.

അനൂനെ ഞാൻ മറന്നതല്ല. അനൂന്റെ പരീക്ഷ ആയതുകൊണ്ട് ശല്ല്യമാകണ്ട എന്നു കരുതിയാണ് ഞാൻ എഴുതാതെ ഇരുന്നത്.പരീക്ഷയൊക്കെ എങ്ങനെയുണ്ടായിരുന്നു.ഈ അനിയത്തികുട്ടിയെ മറന്നിട്ടില്ലേൽ എഴുതണം.

“അനിയത്തികുട്ടി” എനിക്ക് വിശ്വസിക്കാൻ കഴിയണില്ല.ഞാൻ അയ്ച്ച കഴിഞ്ഞ എഴുത്ത് ആ കുട്ടിയ്ക്ക് കിട്ടിയിട്ടുണ്ടാവില്ല്യേ. ഒരു പക്ഷെ കിട്ടിയാൽ അങ്ങനെ അങ്ങനെ ഒരു എഴുത്ത്.

അലോചിക്കുന്തോറും ചിന്തകൾ മനസ്സിനെ ഭ്രാന്തു പിടിപ്പിച്ചു.

എന്തായാലും മറുപ്പടി എഴുതണം. ഞാൻ ഒരു ആശംസ കാർഡ് അയ്ക്കാൻ തീരുമാനിച്ചു.

2010, ജൂൺ 13, ഞായറാഴ്‌ച

കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്-3


ആ കുട്ടിയ്ക്ക് കത്തയ്ച്ചിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു. മറുപ്പടി ഒന്നും കിട്ടിയില്ല.ഇനിയിപ്പോ ഞാനയ്ച്ച കത്ത് ആ കുട്ടിയ്ക്ക് കിട്ടിയില്ലേ? അല്ല്യേല് നോട്ടീസ് ബോർഡിൽ കിടന്ന കത്ത് മറ്റേതേലും വിരുതന്മാര് പൊട്ടിച്ചു വായിച്ചിട്ടുണ്ടാകുമോ?


ഓർത്തപ്പോ ആകെ പ്പാടെ ഒരു കിരുകിരുപ്പ്.


ഇനിയിപ്പോ ഞാൻ എഴുതിയകത്തിൽ ആ കുട്ടിയ്ക്ക് രസിക്കാത്ത വല്ലതും ഉണ്ടായോ?


ഒരുപ്പാട് ആലോചിച്ച് കഴിഞ്ഞപ്പോൾ ഒരിക്കൽ കൂടി എഴുതണം എന്ന് തോന്നി.


പ്രിയ കൂട്ടുകാരിയ്ക്ക്.


നിറങ്ങളുടെ അഴകാർന്ന ശലഭങ്ങൾ വാനിലമ്പിളിപ്പോലെ പാറിനടക്കുന്ന ഈ താഴ്വാരത്തിൽ പുതിയ പൂവുകൾ വിടർന്നത് കാണാനെത്തിയ ചിത്രശലഭത്തെപോലെ നീയെന്റെ ലോകത്തേയ്ക്ക് തൂവലുകൾ വിരിച്ച് പറന്നിറങ്ങിയപ്പോൾ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കണ്ണുചിമ്മിയ കുട്ടിയെപ്പോലെ ഞാനും ഒന്നുമറിയാതെ തരിച്ചിരുന്നു.


ഏന്റെ ഏകാന്തകൾ സുന്ദരമായ ചിന്തകൾ കൊണ്ട് . ഒരു പക്ഷെ എന്റെ അപക്വമായ മനസ്സിന്റെ പ്രയാണത്തിൽ എനിക്ക് തോന്നിയ വിഡ്ഡിത്ത്വങ്ങളുടെ ഒരു പകർത്തിയെഴുതലാകാം അവിടെ നടത്തിയത്.


പ്രഭാതത്തിൽ തുറന്നിട്ട ജാലകത്തിൽ ദ്രവിച്ച ജാലകവരിപ്പിലൂടെ മുറ്റത്ത് കാലം തെറ്റിയെത്തിയ മഴയുടെ മണം ആസ്വദിച്ച് ഒരു നല്ല കാഴ്ച്ചകാരനായി നിന്നപ്പോൾ എന്റെ കാലാലയ ജീവിതത്തിന്റെ തുടക്കത്തിൽ മനോഹരമായി പുഞ്ചരിക്കാറുള്ള തട്ടമിട്ട ആ പെൺകുട്ടിയോട് തോന്നിയ മനസ്സിന്റെ വികാരവായ്പുകളെ പ്രണയമെന്ന് വിശേഷിപ്പിക്കാമെങ്കിൽ ഒരു പക്ഷെ ഇത് ഒരു തിരുത്തിയെഴുത്തലിന്റെ വിറയാർന്ന നിമിഷങ്ങളുടെ സാഫല്യമാകാം. മറ്റൊരു പക്ഷെ കൂട്ടുകാർ എന്നിൽ നിക്ഷേപിച്ച പ്രണയമെന്ന വലിയ ചിന്താഭാരത്തിന്റെ തിരുശേഷിപ്പുകൾ കാലം തെറ്റി പെയ്ത മഴയ്ക്ക് ഒപ്പം തളിത്ത മുത്തങ്ങ പുല്ലുകൾ പോലെ തളർത്തതാകാം.


ജീവിതത്തിന്റെ ഒറ്റപ്പെടലുകളിൽ പ്രതീക്ഷകളുടെ മധുരമുള്ള ശബ്ദങ്ങൾ അക്ഷരങ്ങളായി കടന്നെത്തുമ്പോൾ ഞാനും താനുമൊക്കെ ആഗ്രഹിച്ചിരുന്നിരിക്കാം ഒരു പക്ഷെ അതെന്നും എന്റെതായിരുന്നെങ്കിലെന്ന്.നഷ്ടപ്രണയം പിന്നിട് ഒരിക്കലും ഓർക്കാൻ ഇഷ്ടപെടാത്ത ഒരു വേദനയാണ്.കാലം തെറ്റിപെയ്യാറുള്ള മഴപ്പോലെ ഞാനും ചിലപ്പോൾ ആ വികാരത്തിന് അടിമപ്പെട്ടുപോകുന്നു. പിന്നെ ഞാനയ്ച്ച കത്ത് നിനക്ക് കിട്ടിയോ? നീയെന്തെ മറുപ്പടി അയ്ക്കാത്തെ?.ഇവിടെ ഏല്ലാദിവസവും എനിക്ക് മൂന്നും നാലും കത്തുകളുണ്ടാകും. പക്ഷെ അതിലൊന്നും നിന്റെ കത്തില്ല. ഞാൻ പ്രതീക്ഷിക്കുന്നത് നിന്റെ കത്താണ്.ഒരു പക്ഷെ ഈ കത്ത് കിട്ടിയാൽ നീയെന്നെ ചിലപ്പോ എന്നന്നേയ്ക്കുമായി വെറുത്തേക്കാം. ഒരു പക്ഷെ ..?


എനിക്കറിയില്ല ഒന്നും.


മറുപ്പടി പ്രതീക്ഷിച്ചോട്ടേ


സസ്നേഹം അനൂ‍പ്


2010, ജൂൺ 11, വെള്ളിയാഴ്‌ച

കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്-2

( സാധാരണ എഴുത്തുകൾ വന്നാൽ വീട്ടിൽ ഏല്ലാവരും വായിക്കും.പ്രത്യേകിച്ച് ഒരു പെൺകുട്ടിയുടെ കത്താകുമ്പോൾ മകൻ വഴിതെറ്റിപോകുമോ എന്ന് വീട്ടുകാരും സംശയിച്ചിട്ടുണ്ടാകണം.



ആയിടയ്ക്ക് കോതനല്ലൂരിൽ വളരെ അധികം എഴുത്തുകൾ കിട്ടുന്ന ഒരാളായിരുന്നു ഞാൻ ഒരു ദിവസം ചുരുങ്ങിയത് മൂന്നാല് എഴുത്തെങ്കിലും ഉണ്ടാകും. പല മാസികകളിലും വായനകാരുടെ പേജുകളിലും മറ്റും എന്നെ കാണാമായിരുന്നു.എന്റെ വിലാസം കണ്ടിട്ടാകാം പലരും എനിക്ക് കത്തുകളയ്ച്ചിരുന്നു.)



ഷീബയുടെ കത്ത് കിട്ടിയപ്പോൾ എന്റെ ഏകാന്തകൾക്കിടയിൽ അവൾ ഒരു തണലായി വരുമെന്നുള്ള പ്രതീക്ഷയോടെയാണ്.



ആദ്യമായി അതിനു മറുപ്പടി എഴുതിയത്.



ആ കത്ത് കിട്ടിയപ്പോൾ ഞാൻ ആദ്യം കാട്ടിയത് എന്റെ പ്രിയ സുഹൃത്ത് ജിജോയെയാണ്.



“എടാ നീ എഴുത് ചിലപ്പോൾ ഈ പെങ്ങളെ നിനക്ക് ഒരു നല്ല ലൈനായി കിട്ടും.ചുമ്മാ കേറി അങ്ങ് പ്രേമിക്കടാ.കിട്ടിയാല് ഊട്ടി അല്ലേല്?.



എഴുത്ത് എഴുതാൻ ഇരിക്കുമ്പോൾ അവന്റെ വാക്കുകളായിരുന്നു മനസ്സിൽ.



“ചുമ്മാ കേറിയങ്ങ് പ്രേമിക്കടാ”.

പ്രിയ കൂട്ടുകാരിക്ക് ,
എന്റെ എകാന്തകളിൽ ഞാനും ആഗ്രഹിക്കാറുണ്ട് ദൂരെ ദൂരെ ഒരിക്കലും കാണാത്ത അകലത്ത് എപ്പോഴൊക്കെയോ വാക്കുകളിലൂടെ മാത്രം അടുത്തറിയുന്ന ഒരു നല്ല കൂട്ടുകാരിയുടെ സാന്നിദ്ധ്യം. നമ്മുടെ മനസ്സിന്റെ വേദനകളും ദു:ഖങ്ങളും പങ്കുവയ്ക്കാൻ നമ്മുടെ മനസ്സറിയുന്ന ഒരു നല്ല ഫ്രണ്ടിനെ നമ്മുക്ക് വേണം. കുട്ടിയ്ക്ക് വിശ്വസിക്കാം. ഞാൻ കുട്ടിയുടെ ഏക്കാലത്തെയും ഒരു നല്ല ഫ്രണ്ടായിരിക്കും. തനിക്ക് എന്നോട് എന്തും തുറന്ന് പറയാം.ദൂരെ ദൂരെ തന്റെ വേദനകൾ കേൾക്കാനും തന്റെ സന്തോഷത്തിലും മറ്റ് സുഖ ദു:ഖങ്ങളിലും പങ്കാളിയാകാനും അകലെ നിന്ന് വാക്കുകളായി വിരുന്നെത്തുന്ന എന്റെ സാന്നിദ്ധ്യം ഉണ്ടാകും.
ഇവിടെ ഏറ്റുമാനൂരപ്പൻ കോളേജിൽ സെക്കന്റ് ഇയർ ബീകോം വിദ്യാർത്ഥിയാണ് ഞാൻ. തനിക്ക് ഉള്ളതുപ്പോലെ ഇവിടെ എനിക്കും നിറയെ കൂട്ടുകാരുണ്ട്. ഇവിടെ കൂട്ടുകാർക്കിടയിൽ നിറയെ കഥകളും കുറെയേറെ അബദ്ധങ്ങളുമായി കറങ്ങി നടക്കുന്ന അവരുടെ പ്രിയപ്പെട്ട അണ്ണൻ (അതായിരുന്നു ക്ലാസ്സിലെ എന്റെ വിളിപ്പേര്) അവരുടെ ഇടയിൽ ജീവിക്കുന്ന ഒരു കഥാപാത്രമാണ്.
പിന്നെ തന്റെ കത്ത് എനിക്ക് കിട്ടിയപ്പോൾ അത് ഞാൻ എന്റെ കൂട്ടുകാരോടും പറഞ്ഞിരുന്നു.അവരാണ് എന്നെ നിർബന്ധിച്ച് തനിക്ക് എഴുതാൻ പറഞ്ഞത്. ഇവിടെ രൂപേഷും സുധിയും ജോസും ബിറ്റോയും അമ്പിളിയും വിന്ദുവും രാജിയുമൊക്കെ ഉണ്ട്. അവരൊക്കെ തന്നെ അന്വേഷിച്ചതായി പറഞ്ഞു. പിന്നെ തന്റെ കൂട്ടുകാരെകുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ? ആ ക്യാമ്പസ്, അവിടുത്തെ കൂട്ടുകാർ ഒക്കെ ഉണ്ടാകണം ഇനി എനിക്ക് എഴുതുന്ന തന്റെ കത്തുകളിൽ. നമ്മുക്ക് പിന്നെ എപ്പോഴൊങ്കിലും ഓർക്കാൻ കുറച്ചു നല്ല ഓർമ്മകൾ.അതിനിടയിൽ ഒരിക്കലും കാണാത്ത അകലത്തിൽ ഇരുന്ന് നമ്മുക്ക് നല്ല കുറെ ഓർമ്മകൾ ബാക്കിവയ്ക്കാം.
താൻ ഈ എഴുത്ത് കിട്ടിയാൽ മറുപ്പടി അയ്ക്കുമെന്നുള്ള പ്രതീക്ഷയോടെ നിറുത്തട്ടേ
സസ്നേഹം അനൂപ് എസ്.നായർ കോതനല്ലൂർ

2010, ജൂൺ 9, ബുധനാഴ്‌ച

കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്


എസ്.കെ.വി.കോളേജ്


23-2-1999


ഡിയർ ഫ്രണ്ട്.


ഔപചാരികതയുടെ മൂടുപടമില്ലാതെ ഞാൻ എന്നെ പരിചയപ്പെടുത്താം.ഏകാന്തയുടെ തൂരുത്തിൽ നിഴലുമായി മത്സരിച്ചിരിക്കാൻ വിധിക്കപ്പെട്ട ചിറകൊടിഞ്ഞ പക്ഷിയാണ് ഞാൻ. എന്റെ പേര് ഷീബ ഞാൻ ഫസ്റ്റ് ബി.എ. വിദ്യാർത്ഥിനിയാണ്.


പ്രകൃതി ഞങ്ങളുടെ കലാലയവധുവിനെ അണിയിച്ചൊരുക്കാൻ സർവ്വ സൌന്ദര്യവും കനിഞ്ഞൂ നല്കിയിരിക്കുന്നു.ഇവിടെ എനിക്ക് ഒരുപ്പാട് സുഹൃത്തുകളുണ്ട്.കാണൂമ്പോൾ മനോഹരമായി പുഞ്ചിരിക്കുകയും പൊള്ളയായ ഹസ്തദാനം നടത്തുന്നവരുമാണവർ.മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ നാടകീയമായ ഈ ശ്രമം നടത്തുന്നവരെ കാണുമ്പോൾ, അങ്ങകലെ ആകാശത്തിലെ ചില്ലയിൽ ഒരിക്കലും കണ്ടുമുട്ടുവാനിടയില്ലാത്ത ഒരു സുഹൃത്തിനെ വേണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.എന്റെ ഫ്രണ്ടിന്റെ കൈയ്യിൽ നിന്നാണ് എനിക്ക് താങ്കളൂടെ അഡ്രസ്സ് കിട്ടിയത്.എന്തോ ഒരു പ്രത്യേകത ആ പേരിനു തോന്നി. എനിക്ക് വിശ്വസിക്കാവുന്ന ഒരു സുഹൃത്തിനെ കിട്ടിയതുപ്പോലെ.


ജന്മജന്മാന്തരങ്ങൾക്ക് മുമ്പ് പരിചയപ്പെട്ട ഒരേട്ടനെപോലെ.


അങ്ങനെയാണ് ഞാൻ ഈ ലെറ്റർ എഴുതാൻ തീരുമാനിച്ചത്.എനിക്ക് എന്റെ അമ്മ മാത്രമേയുള്ളൂ.അച്ഛൻ ചെറുപ്പത്തിലെ മരിച്ചു പോയി.ഞാൻ തനിച്ചായതുകൊണ്ടാകാം ഇങ്ങനെ ഒക്കെ ആയി പോയത്.


വീട്ടിൽ വന്നാൽ ചാനലുകളും ലൈബ്രററി പുസ്തകങ്ങളുമായുള്ള മത്സരം.ക്യാമ്പസിൽ വന്നാൽ ആൾകൂട്ടത്തിൽ തനിയെ എന്ന അവസ്ഥ. അങ്ങിനെയുള്ള ഞാൻ ഇങ്ങനെയായതിൽ അത്ഭുതപെടുവാനെന്താണ്?.കോട്ടയംകാരനായ നിങ്ങൾക്ക് തൃശൂരുകാരുടെ ഭാഷ വായിക്കുമ്പോൾ ചിരി വരുന്നുണ്ടാകും അല്ലെ?.


ഇനിയും എഴുതി ബുദ്ധിമുട്ടിക്കുന്നില്ലാട്ടോ.മാത്രമല്ല കേരളത്തിന്റെ നേട്ടമായ പവർക്കട്ട് എത്താനുള്ള സമയമായി(എസ്.എസ്.എൽ.സി പരിക്ഷ ഇവിടെ ബാധകമല്ല)


ഈ അനുജത്തിയുടെ അല്ല ഞാനാകുന്ന എനിക്ക് അങ്ങയുടെ സുഹൃത്താകാൻ യോഗ്യതയുണ്ടെങ്കിൽ ഞങ്ങളുടെ ക്യാമ്പസിലേയ്ക്ക് ഒരു ലെറ്റർ പ്രതീക്ഷിക്കുന്നു.


മൈ അഡ്രസ്സ്.


ഷീബ.റ്റി.കെ


.............. ബി.എ.......................


ശ്രി കേരളവർമ്മ കോളേജ്


തൃശൂർ.


മാർച്ച് ഫസ്റ്റ് വീക്കിൽ മാത്രമെ ഞങ്ങൾക്ക് ക്ലാസ്സ് ഉണ്ടാകുകയുള്ളു.അതിനാൽ


മറുപ്പടി ഉടൻ പ്രതീക്ഷികുന്നു.


വിത് ലൌ


ഷീബ


താങ്കളുടെ പ്രായം പോലും എനിക്കറിയില്ല.വിവാഹിതനാണെങ്കിൽ ഭാര്യയോട് എന്റെ അന്വേഷണം പറയണം (ഓപ്പണിൽ പേജിൽ അരുകിലായി എഴുതിയിരിക്കുന്നു.)


ബാക്കി എന്തായി എന്നറിയേണ്ടേ.


ഞാൻ കേരളവർമ്മയിലെ ഒരു വിദ്യാർത്ഥിയായി മാറുകയായിരുന്നു.ചിരിച്ചും കരയിപ്പിച്ചും.ഒരുപ്പാട് ഓർമ്മകൾ തന്ന് എങ്ങോ മാഞ്ഞൂപ്പോയ ആ കേരളവർമ്മയിലെ പെൺകുട്ടിയുമായി വീണ്ടും വരാം.